ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലണ്ടനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ലണ്ടനിലെ ട്രിനിറ്റി ഹൗസിൽ നടന്ന ഇന്ത്യ-യുകെ ഡിഫൻസ് ഇൻഡസ്ട്രി സിഇഒമാരുടെ റൗണ്ട് ടേബിളിൽ ബ്രിട്ടനിലെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പുമായും വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബ്രിട്ടനിലെ ഖാലിസ്ഥാൻ അനുകൂല അക്രമ സംഭവങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്ക രാജ്‌നാഥ് സിങ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയും യുകെയും ശക്തവും തന്ത്രപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സഹകരണം തുടരുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇരു രാജ്യങ്ങളും ഒരുമിച്ച് ഒരേ സുരക്ഷാ വെല്ലുവിളികൾ പങ്കിടുകയും പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നുണ്ടെന്നും സ്വതന്ത്രവും സമൃദ്ധവുമായ ബന്ധം നിലനിർത്താൻ ഇന്ത്യയുമായുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നുമാണ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കിയത്. ബ്രിട്ടനും ഇന്ത്യയും ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ആഗോള സുരക്ഷ ഉയർത്തിപ്പിടിക്കാൻ ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരണമെന്നാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും ഗ്രാന്റ് ഷാപ്സ് വിശദമാക്കി. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തത്തിൽ വ്യവസായ സഹകരണം പ്രധാനമാണ്. ഇരു രാജ്യങ്ങളും ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കും. അടുത്ത തലമുറയുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും ഗവേഷണത്തിനും വികസനത്തിനും കൂടുതൽ ഊന്നൽ നൽകുന്നതിന് പ്രാപ്തമാകുന്ന കരാറിൽ ഏർപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

