ലോക്സഭാ തെരഞ്ഞടുപ്പടുക്കവേ വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ പ്രധാനമന്ത്രി നൽകുന്ന വാർഷിക സാമ്പത്തിക സഹായം ആറായിരം രൂപയിൽനിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താനാണ് ആലോചന. എന്നാൽ തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ളതാണെന്നാണ് നീക്കം എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
കേന്ദ്രസർക്കാറിന്റെ നിർണായക നീക്കം വനിതകളെയും കർഷകരെയും ഒപ്പം നിർത്താൻ എന്നതാണ്.
നിലവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ മാസം 500 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് നൽകുന്നത്. ഇത് 2019ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ആരംഭിച്ചത്. ഇതിൽ വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കി ഉയർത്താനാണ് ആലോചന. ഇതുവഴി കേന്ദ്രസർക്കാർ ലക്ഷ്യം ഇടുന്നത് സ്ത്രീകളുടെയും കർഷകരുടെയും വോട്ടുകളാണ്.
ഇതിനോടകം പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കിയത് വനിതകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം നിന്നു എന്നാണ്. സർക്കാരിൻറെ ശ്രമം ഈ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ്. വനിത കർഷകർക്ക് ഇത് നടപ്പായാൽ പ്രതിവർഷം 12000 രൂപ കിട്ടും. ആദ്യ ഗഡുവായ 4000 രൂപ തെരഞ്ഞെടുപ്പിന് മുമ്പ് നല്കും.നിലവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ദതിയുടെ ഗുണഭോക്താക്കൾ 112971186 കുടുംബങ്ങളാണ്. ഇതിൽ 3 കോടി 56 ലക്ഷം പേർ വനിതാ കർഷകരാണ്.
വനിത കർഷകർക്കുള്ള ഈ സഹായം ഫെബ്രുവരി 1ലെ പൊതുബജറ്റിൽ പ്രഖ്യാപിക്കാനാണ് ആലോചന. സർക്കാറിന് 18000 കോടി രൂപയുടെ അധിക ചെലവാണ് ഇതുവഴി ഉണ്ടാവുക. തുക, കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. രാജ്യത്തെ കർഷകരുടെ 60 ശതമാനവും സ്ത്രീകളാണെങ്കിലും 13 ശതമാനം വനിതാ കർഷകർക്ക് മാത്രമാണ് സ്വന്തമായി കൃഷി ഭൂമിയുള്ളത്. വോട്ട് നേടാനുള്ള തട്ടിപ്പാണ് നീക്കമെന്നാണ് കോൺഗ്രസിന്റെ വിമർശനം.

