ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാദിനം അടുത്തത്തോടെ അയോധ്യയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് സമ്മാനമൊഴുകുന്നുവെന്നാണ് വിവരം. 3000ലധികം സമ്മാനങ്ങളാണ് സീതാദേവിയുടെ ജന്മനാട് എന്നറിയപ്പെടുന്ന നേപ്പാളിലെ ജാനക്പൂരിൽ നിന്ന് അയോധ്യയിലെത്തിയത്. ജാനക്പൂരിലെ ജാനകി ക്ഷേത്രത്തിലെ പൂജാരി രാം റോഷൻ ദാസ് വെള്ളിയിൽ തീർത്ത പാദുകങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുടങ്ങിയവ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഈ സമ്മാനങ്ങൾ നേപ്പാളിൽ നിന്നെത്തിയത് 30 വാഹനങ്ങളിലായിട്ടാണ്.
പഴങ്ങൾ, സ്വർണം, വെള്ളിയാഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സമ്മാനങ്ങൾ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായി ഏറ്റുവാങ്ങി. സീതാദേവിയുടെ ജന്മനാട്ടിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശ്രീലങ്കയിൽ നിന്നും അയോധ്യയിലേക്ക് സമ്മാനങ്ങളെത്തിയിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധി സംഘം രാമക്ഷേത്ര ട്രസ്റ്റിന് അശോക വനികയുമായി ബന്ധപ്പെട്ട ഒരു കല്ല് സമ്മാനിച്ചിരുന്നു.
ജനുവരി 22 നാണ് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.

