ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമാണ് കോൺഗ്രസ് നിലപാട്; വി മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്ലീംലീഗിന്റെ കാൽക്കൽ നിലപാട് അടിയറവ് വച്ചിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയാണെങ്കിൽ അത് ജനങ്ങളോട് വ്യക്തമാക്കണം. ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും മാർകിസ്റ്റ് പാർട്ടി പിന്തുണ നൽകുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

കൈവെട്ട് കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് മാർകിസ്റ്റ് പാർട്ടിയുടെ കോട്ടയായ മട്ടന്നൂരിലാണ്. കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാകുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.