ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഈ ജില്ലകളിൽ; വനിതാ കമ്മീഷൻ അധ്യക്ഷ

കൊല്ലം: കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം പെൺകുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കാനും, ആഢംബര വിവാഹങ്ങൾക്ക് നികുതി ചുമത്താനും സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും സതീദേവി വ്യക്തമാക്കി. കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സതീദേവിയുടെ പരാമർശം.

നിയമം കൊണ്ട് മാത്രം സ്ത്രീധനത്തെ നിരോധിക്കാൻ കഴിയില്ല. വിവാഹ ശേഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് ഉപദേശം നൽകുന്നത്. മർദനം ഉൾപ്പെടെ സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് പെൺകുട്ടികളുടെ ജീവിതം താറുമാറാക്കും. പൊരുത്തപ്പെടാൻ കഴിയാതെ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് തിരിയുന്നത് ആശങ്കാജനകമാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.

ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ ചിന്താഗതിയിലാണ് കൂടുതൽ മാറ്റമുണ്ടാകേണ്ടത്. വീടുകളുടെ അകത്തളങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരണം. പെൺകുട്ടികൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് അവസരം നൽകണം. സ്ത്രീകൾക്ക് അവരിൽ അന്തർലീനമായ കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.

സ്വന്തം ജീവിതം തിരിച്ചറിയാനും നിർണയിക്കാനും പെൺകുട്ടികൾക്ക് അവകാശം നൽകണം. സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ആർജിക്കുന്നതിന് പെൺകുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീശാക്തീകരണം പൂർണമാകുകയുള്ളൂവെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.