മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാര ചിത്രം അന്നപൂർണി പിൻവലിച്ച് നെറ്റ്ഫ്‌ളിക്‌സ്

ചെന്നൈ: നയൻതാര നായികയായെത്തിയ ഏറ്റവും പുതിയ ചിത്രം ‘അന്നപൂർണി-ദ് ഗോഡസ് ഓഫ് ഫുഡ്’ പിൻവലിച്ച് നെറ്റ്ഫ്‌ളിക്‌സ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം പിൻവലിക്കാൻ നെറ്റ് ഫ്‌ളിക്‌സ് തീരുമാനിച്ചത്.

നേരത്തെ മുംബൈ പോലീസിന് അന്നപൂർണി എന്ന ചിത്രം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിരുന്നു. അന്നപൂർണിയുടെ സംവിധായകൻ, നായകൻ ജയ്, നായിക നയൻതാര, നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. ഡിസംബർ ഒന്നിനാണ് അന്നപൂർണി എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.

ഡിസംബർ 29 ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് സിനിമ വിവാദത്തിലാകുന്നത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായാണ് ചിത്രത്തിൽ നയൻതാര അഭിനയിക്കുന്നത്. ബിരിയാണി പാകം ചെയ്യുന്നതിന് മുൻപ് നായിക നമസ്‌കരിക്കുന്ന രംഗം, ലൗ ജിഹാദ് പ്രോൽസാഹിപ്പിക്കുന്ന രംഗം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ പരാതി ലഭിച്ചിരിക്കുന്നത്.