കൂടുതൽ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് അയയ്ക്കണം; ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ച് മാലദ്വീപ്

മാലദ്വീപ്: ചൈനയോട് സഹായമഭ്യർത്ഥിച്ച് മാലദ്വീപ്. കൂടുതൽ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് അയയ്ക്കണമെന്ന് ചൈനയോട് മാലദ്വീപ് അഭ്യർത്ഥിച്ചു. സന്ദർശനത്തിനിടെയാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾക്കിടെയാണ് മാലിദ്വീപ് പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. മാലദ്വീപിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നായിരുന്നു ചൈനയെ മാലദ്വീപ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. കഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഹമ്മദ് മുയിസു. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതികളെ മുയിസു പ്രശംസിക്കുകയും ചെയ്തു. പദ്ധതി മാലിദ്വീപ് ചരിത്രത്തിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികൾ എത്തിക്കാൻ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന് മുൻപ് മാലിദ്വീപിന്റെ വിപണിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ചൈന. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നാണ് അഭ്യർത്ഥിക്കുന്നുവെന്ന് മുയിസു അറിയിച്ചു.