ജീവനക്കാരുടെ ശമ്പള വിതരണം; രണ്ട് ഗഡുകളായി വിതരണം ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ ശമ്പള വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. എല്ലാ മാസവും ആദ്യ ഗഡു 10-ാം തീയതിക്ക് മുൻപും രണ്ടാം ഗഡു 20-ാം തീയതിക്ക് ഉള്ളിലും നൽകണമെന്ന് കോടതി വ്യക്തമാക്കി.

ജീവനക്കാരുടെ ശമ്പളം 10-ാം തീയതിക്ക് മുൻപ് വിതരണം ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആർടിസി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി.

സ്ഥാപനത്തിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയനുസരിച്ച് ജീവനക്കാർക്ക് 10-ാം തീയതിക്ക് അകം മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സർക്കാരിന്റെ ധനസഹായവും ടിക്കറ്റ് ഇതര വരുമാനവും കൊണ്ടാണ് ശമ്പളം നൽകുന്നത്. സർക്കാരിന്റെ ധനസഹായം ലഭിക്കുന്നത് പോലും 10-ാം തീയതിക്ക് ശേഷമാണ്. അതിനാൽ സർക്കാർ ധനസഹായം ലഭിച്ചതിന് ശേഷം രണ്ടാം ഗഡു നൽകാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടത്.