ടി എൻ പ്രതാപൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാൾ: ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ടി എൻ പ്രതാപൻ എംപി ക്കെതിരെ ആരോപണവുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ട ആളാണ് ടി എൻ പ്രതാപനെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൽഹിയിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ നാരേറ്റീവ് മുഴുവൻ ഉണ്ടാക്കുന്നത് അബ്ദുൽ ഹമീദ് എന്ന ആളാണ്. അയാൾ ഒന്നാന്തരം പിഎഫ്ഐക്കാരനാണ്. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സംരക്ഷിക്കുന്നത് ടി എൻ പ്രതാപൻ ആണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് ഫോട്ടോ തെളിവുകൾ ഉൾപ്പെടെ ഉണ്ട്. പ്രതാപൻ കൂടുതൽ പറഞ്ഞാൽ ഇവ പുറത്തുവിടും. അയോദ്ധ്യാ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷം സംഘടിപ്പിക്കുന്നതിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ആഘോഷങ്ങളിൽ കോൺഗ്രസ് പങ്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന കേരളത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഹിന്ദുക്കളുടെ വികാരങ്ങളോട് കോൺഗ്രസിന് യാതൊരു പ്രതിപത്തിയും ഇല്ലേ. കോൺഗ്രസ്‌ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് ഇതിൽ പങ്കെടുക്കാൻ അനുവാദമുണ്ടോ. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ഇവിടെ മാത്രം എന്തുകൊണ്ടാണ് അവഗണിക്കുന്നത്. മുസ്ലിംലീഗിനെ ഭയപ്പെട്ടിട്ടാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഇരട്ടത്താപ്പിന്റെ കാരണമെന്താണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.