പുറകിൽ കഠാര ഒളിപ്പിച്ചുപിടിച്ചു കുത്തുന്നതാണു പലരുടെയും ശൈലി; ജി സുധാകരൻ

ആലപ്പുഴ: പുറകിൽ കഠാര ഒളിപ്പിച്ചുപിടിച്ചു കുത്തുന്നതാണു പലരുടെയും ശൈലിയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കായംകുളത്തു മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്ന് അദ്ദേഹം പറഞ്ഞു. കായംകുളത്ത് മത്സരിച്ചപ്പോഴുണ്ടായ തോൽവിയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പി എ ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി എ ഹാരിസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2001ൽ കായംകുളത്ത് താൻ തോറ്റതു കാലുവാരിയതുകൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നു വോട്ട് നൽകരുതെന്നു പറഞ്ഞുവെന്നും മുന്നൂറ് വോട്ടാണ് ആ ഭാഗത്തു മറിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. മനസ്സ് ശുദ്ധമായിരിക്കണം, അതാണ് ഇടതുപക്ഷം. കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ട്. അതിപ്പോഴുമുണ്ട്, ഇന്നലെയുമുണ്ട്, നാളെയുമുണ്ടാവുമെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.