സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കടുക്കുന്നു

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കടുക്കുന്നു. ആവേശകരമായ പോരാട്ടമാണ് സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ നടക്കുന്നത്. കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ മുന്നിൽ. ആതിഥേയരായ കൊല്ലം ജില്ലയും പാലക്കാടും മലപ്പുറവും തൊട്ടുപിന്നിലുണ്ട്. അറുപത് ഇനങ്ങൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ.

സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്നത് മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ്. ചില വേദികളിൾ കഴിഞ്ഞ ദിവസം മൽസരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. വലിയ ജനപങ്കാളിത്തമാണ് ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ ഉണ്ടായത്. പോരാട്ടം കൂടുതല്‍, രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ കനക്കുമെന്നുറപ്പാണ്. ജനപങ്കാളിത്തവും ഇതോടൊപ്പം ഏറും. വിപുലമായ സൗകര്യങ്ങളാണ് കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി.