സാൻഡ്‌വിച്ചിൽ നിന്ന് ജീവനുള്ള പുഴു; ഇൻഡിഗോയ്ക്ക് നോട്ടീസയച്ച് എഫ്എസ്എസ്എഐ

ന്യൂഡൽഹി: ഇൻഡിഗോ വിമാന കമ്പനിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. സാൻഡ്‌വിച്ചിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. വിമാനത്തിലെ യാത്രക്കാരിക്ക് നൽകിയ ഭക്ഷണം സുരക്ഷിതമല്ലെന്നും, വിശദകീരണം വേണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

2023 ഡിസംബർ 29 നാണ് സംഭവം ഉണ്ടായത്. ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നൽകിയ ചിക്കൻ സാൻഡ്‌വിച്ചിൽ നിന്നാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. യാത്രക്കാരി സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെ സംഭവം പുറംലോകമറിഞ്ഞു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ 6E 6107 വിമാനത്തിലെ യാത്രക്കാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

സാൻഡ്‌വിച്ചിൽ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്‌ളൈറ്റ് അറ്റൻഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാർക്ക് അതേ സാൻഡ്വിച്ച് വിളമ്പുന്നത് തുടർന്നുവെന്ന് യുവതി ആരോപിക്കുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ എന്തു ചെയ്യുമായിരുന്നുവെന്ന് യുവതി ചോദിക്കുന്നു.

വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിക്കേണ്ട എന്നു കരുതിയാണ് താനപ്പോൾ പരസ്യമായി പ്രതികരിക്കാതെ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ സാൻഡ്‌വിച്ചിന് ഗുണനിലവാരമില്ല എന്ന കാര്യം മറ്റ് യാത്രക്കാരോട് പറയാൻ വിമാന ജീവനക്കാർ തയ്യാറായില്ല. പകരം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും എന്നാണ് ജീവനക്കാരി പറഞ്ഞതെന്നും യാത്രക്കാരിയായ യുവതി വെളിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ഇൻഡിഗോ എയർലൈൻസ് യുവതിയോട് ഖേദ പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ സമഗ്രമായി പരിശോധന നടത്തുമെന്നും ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.