എഐ ക്യാമറകള്‍ വെച്ചതിന് ഒടുവിൽ കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്

എഐ ക്യാമറകള്‍ വെച്ചതിന് ഒടുവിൽ കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. കെൽട്രോൺ പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് നിർത്തിവെച്ചതോടെയാണ് സർക്കാർ അനങ്ങിയത്. കണ്‍ട്രോള്‍ റൂമുകള്‍ പണമില്ലെങ്കിൽ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത് ജൂണ്‍ അഞ്ചുമുതലാണ്. ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം മൂന്നു മാസത്തിലൊരിക്കൽ ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം.

ഹൈക്കോടതിയിൽ പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ എത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. കെൽട്രോണിന് ആദ്യ ഗഡു കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെൽട്രോണിന് നൽകിയില്ല. ഗതാഗത കമ്മീഷണർ 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പിഴത്തുക തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും സർക്കാരിനെ അറിയിച്ചു.