സഹകരണ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക്

തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക്. ചില സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതിനെതിരെയാണ് ആർബിഐ മുന്നറിയിപ്പ് നൽകിയത്.

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് പേരിനൊപ്പം ചേർക്കുന്നത് നിയമവിരുദ്ധമാണെന്നും ചില സംഘങ്ങൾ ഇത് തുടരുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ആർബിഐ അറിയിപ്പ് നൽകിയിരുന്നു. ഇത് മൂന്നാം തവണയാണ് ആർബിഐ ഇതുസംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങളിലൂടെ നൽകുന്നത്. നിയമലംഘനം തുടർന്നാൽ കടുത്ത നടപടിയെടുക്കുമെന്നാണ് അറിയിപ്പ്. 2021 നവംബറിലും 2023 നവംബറിലുമാണ് മുൻപ് പരസ്യം നൽകിയിരുന്നത്.

അതേസമയം, റിസർവ് ബാങ്കിന്റെ നിർദേശം അനാവശ്യമാണെന്നാണ് സഹകരണവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കിടയിൽ ഭീതി വളർത്താനേ നിർദേശം കാരണമാകുവെന്നാണ് സഹകരണ വകുപ്പ് റിസർവ് ബാങ്കിനും കേന്ദ്ര സർക്കാറിനും നൽകിയ മറുപടി.