മറിയക്കുട്ടിയോട് നേരിട്ട് പരാതി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി; കൂപ്പുകൈകളോടെ സ്വീകരണം

തൃശൂർ: ‘സ്ത്രീശക്തി മോദിക്കൊപ്പം’ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറിയക്കുട്ടിയോട് നേരിട്ട് പരാതി ചോദിച്ചറിഞ്ഞു. കൂപ്പുകൈകളോടെയാണ് പ്രധാനമന്ത്രി മറിയക്കുട്ടിയെ സ്വീകരിച്ചത്. എംപിയും നടനുമായ സുരേഷ്‌ഗോപിയുടെ ക്ഷണ പ്രകാരമാണ് മറിയക്കുട്ടി മഹിളാ മോർച്ച സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയത്.

പെൻഷൻ പോരാളി എന്ന നിലയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് മറിയക്കുട്ടി. കഴിഞ്ഞ ഒന്നര മാസത്തിലധികമായി സംസ്ഥാന സർക്കാരിനെതിരെയുള്ള നിയമ പോരാട്ടത്തിലാണ് മറിയക്കുട്ടി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടാണ് മറിയക്കുട്ടിയും സർക്കാരും തമ്മിൽ നിയമ പോരാട്ടം നടക്കുന്നത്. മറിയക്കുട്ടിയുൾപ്പെടെ വേദിയിൽ അണിനിരന്നിരുന്ന എല്ലാ പ്രമുഖ സ്ത്രീ ശക്തികളെയും ഹസ്തദാനം ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്.

10 കോടി ഉജ്വല പദ്ധതി, 11 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം, 12 കോടി ശൗചാലയങ്ങൾ, ഒരു രൂപയുടെ സുവിധ സാനിറ്ററി പാഡ്, കേരളത്തിൽ 60 ലക്ഷം, 30 ലക്ഷം മുദ്രാ ലോൺ, 26 ആഴ്ച പ്രസവാവധി, സൈനിക സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം, നിയമ നിർമാണ സഭകളിൽ സ്ത്രീ സംവരണം തുടങ്ങിയവയെല്ലാം നടത്തിയത് മോദിയുടെ ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.