ഇറാനിൽ ഇരട്ട സ്‌ഫോടനം; 103 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിൽ ഇരട്ട സ്‌ഫോടനം. 103 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇറാന്റെ മുൻസൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാർഷികത്തിലാണ് സ്‌ഫോടനം ഉണ്ടായത്. അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെർമാനിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനറൽ സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 മീറ്റർ അകലെയാണ് ആദ്യ സ്‌ഫോടനം നടന്നത്. രണ്ടാമത്തേത് ഒരു കിലോമീറ്റർ അകലെയാണുണ്ടായത്.

2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തിൽ വെച്ചാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇറാൻ സേന തലവനായിരുന്ന ഖാസിം സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തിൽ ഒട്ടേറെ പേർ ഒത്തുകൂടിയിരുന്നു.