ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നത്; മോദിക്കൊപ്പം മഹിളാസമ്മേളനത്തിൽ പങ്കെടുത്ത് ശോഭന

തൃശൂർ: ബിജെപി നടത്തുന്ന സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തിൽ പങ്കെടുത്ത് ശോഭന. സമ്മേളനം അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് നടിയും നർത്തകിയുമായ ശോഭന പറഞ്ഞു. വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നതെന്നും ശോഭന വ്യക്തമാക്കി.

പി ടി ഉഷ, ക്രിക്കറ്റ് താരം മിന്നുമണി, വൈക്കം വിജയലക്ഷ്മി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടിരുന്നു. നിയമ പോരാട്ടത്തിലൂടെ സംസ്ഥാന സർക്കാരിനെ വെള്ളം കുടിപ്പിച്ച മറിയക്കുട്ടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ ചേർത്തു പിടിച്ചു. സുരേഷ് ഗോപിയുടെ ക്ഷണ പ്രകാരമാണ് മറിയക്കുട്ടി മഹിളാ മോർച്ച സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ പങ്കുചേർന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) നിയന്ത്രണത്തിലായിരുന്നു സമ്മേളന നഗരി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയും വേദിക്കു സമീപമുണ്ടായിരുന്നു. മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷയ്ക്കുണ്ടായിരുന്നു.