തൃശൂർ: ജനുവരി അഞ്ചിന് സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിർമാണോദ്ഘാടന ചടങ്ങ് കാസർഗോഡ് നടക്കും. ചടങ്ങിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയും ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് നിർമാണോദ്ഘാടനം നിർവഹിക്കുക. ടി എൻ പ്രതാപൻ എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ അടിപ്പാതകൾക്ക് 209.17 കോടി രൂപയും ആലത്തൂരിൽ 117.77 കോടി രൂപയും ചാലക്കുടിയിൽ 149.45 കോടി രൂപയും പാലക്കാട് 49.40 കോടി രൂപയുമാണ് ചെലവ്. ആകെ 525.79 കോടി രൂപയുടെ പദ്ധതികളാണ് ദേശീയപാത 544ൽ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
കഴിഞ്ഞ ദിവസം ടെൻഡർ നടപടികളുടെ പ്രഥമഘട്ടം പൂർത്തിയാക്കിയിരുന്നു. അടിപ്പാതകളുടെ വാല്യുവേഷൻ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. അതിന് ശേഷമായിരിക്കും നിർമാണ പ്രവർത്തികൾ ആരംഭിക്കുക. ഏഴ് കമ്പനികളാണ് അടിപ്പാത നിർമാണത്തിനായി മത്സരാടിസ്ഥാനത്തിൽ നടന്ന ടെൻഡറിൽ പങ്കെടുത്തത്.

