കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. വനിതാ മാവോ കമാൻഡർ കവിത കാട്ടിലെ ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മാവോയിസ്റ്റ് ട്രാപ് ആണോ സംഭവമെന്നും സംശയം ഉണ്ട്.ആന്റി ടെററിസ്റ്റ് സ്ക്വാഡ് സംഭവത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ്.
കേസ് അന്വേഷിക്കുന്നത് 10 ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ്. ഞെട്ടിത്തോട് വന മേഖലയിൽ നവംബർ 13, 14 തീയതികളിലാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടയത്. കവിതയ്ക്ക് 13ന് ഉണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ പ്രചാരണം. എടിഎസ്, ഏറ്റുമുട്ടൽ ദിനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ് അന്വേഷിക്കുന്നത്.

