ന്യൂഡൽഹി: വൻകിട ഖനനം അടക്കമുള്ള പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര സർക്കാർ ഉത്തരവിന് സ്റ്റേ വിധിച്ച് സുപ്രീംകോടതി. വിഷയത്തിൽ നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു.
2006ലെ എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് (ഇ.ഐ.എ) വിജ്ഞാപനത്തിന് കീഴിലുള്ള ഖനന പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന 2021 ജൂലൈയിലെയും 2022 ജനുവരിയിലെയും രണ്ട് കേന്ദ്ര സർക്കാർ ഉത്തരവുകളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. വനശക്തി എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. പാരിസ്ഥിതിക അനുമതി നൽകുന്നതിന് സമ്മർദം ചെലുത്തുന്നതും മുൻകൂർ പാരിസ്ഥിതിക അനുമതി നൽകണമെന്ന് നിഷ്‌കർഷിക്കുന്നതുമായ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. 2021 ജൂലൈയിലെ ഉത്തരവിന് വിരുദ്ധമായ പദ്ധതികൾക്ക് അനുമതി നൽകിയതായി കോടതിയിൽ വനശക്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വ്യക്തമാക്കി.

