മദ്യനയ അഴിമതിക്കേസ്; എൻഫോഴ്സ്മെന്റ് അയച്ച മൂന്നാം സമൻസും അവഗണിച്ച് കെജ്രിവാൾ

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച മൂന്നാം സമൻസും അവഗണിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കെജ്രിവാളിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചത്. സംഭവത്തിൽ പ്രതികരണവുമായി ആംആദ്മി പാർട്ടി രംഗത്തെത്തി. കെജ്രിവാളിനെ എങ്ങനേയും അറസ്റ്റ് ചെയ്യാനായാണ് ഇ ഡി ശ്രമിക്കുന്നതെന്നും സമൻസുകൾ നിയമവിരുദ്ധമായാണ് തയാറാക്കിയിരിക്കുന്നതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

ഇക്കഴിഞ്ഞ നവംബർ 2നും ഡിസംബർ 21നുമാണ് ഇതിനുമുൻപ് കെജ്രിവാളിന് സമൻസ് ലഭിച്ചിരുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാൻ തയാറാണെങ്കിലും നിയമവിരുദ്ധമായാണ് സമൻസ് അയച്ചിരിക്കുന്നതെന്ന് കെജ്രിവാൾ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തന്നെ ഈ നോട്ടീസയച്ചത് നിയമവിരുദ്ധമാണെന്നും കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് സർക്കാർ ഇ ഡിയെ ഉപയോഗിക്കുന്നതെന്നും ആം ആദ്മി പാർട്ടി കൂട്ടിച്ചേർത്തു.