സംസ്ഥാന സ്‌കൂൾ കലോത്സവം; ഭക്ഷണത്തിന്റെ പേരിൽ അനാവശ്യ വിവാദം വേണ്ടെന്ന് വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭക്ഷണത്തിന്റെ പേരിൽ അനാവശ്യ വിവാദം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെയാണ് 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ആരംഭിക്കുന്നത്. കൊല്ലത്താണ് മത്സരം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ കൊല്ലത്തേക്ക് എത്തിത്തുടങ്ങി. 239 ഇനങ്ങളിലായി 14,000 ത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുക.

അതേസമയം, കൊല്ലം ജില്ലാ കൺവീനർക്ക് ആദ്യ രജിസ്‌ട്രേഷൻ കൈമാറി കൊണ്ട് കലോത്സവം രജിസ്‌ട്രേഷൻ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വരുന്ന വർഷം സ്‌കൂൾ കലോത്സവത്തിന് നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നും വി ശിവൻകുട്ടി കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.