സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ദക്ഷിണ റെയിൽവേ, ഭൂമി ഏറ്റെടുക്കുന്നതിൽ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല. സംസ്ഥാനത്തോട് റെയിൽവേ വികസനത്തിൽ രാഷ്ട്രീയ വിവേചനമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി, സിൽവർലൈൻ പദ്ധതിക്കുവേണ്ടി വിട്ടുനൽകുന്നതിൽ ദക്ഷിണ റെയിൽവെ എതിർപ്പ് ഉന്നയിച്ചിരുന്നു.
കേരളത്തിലെ റെയിൽ വികസനം ഭൂമിവിട്ടുനൽകിയാൽ സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റെയിൽവേയുടെ വിശദീകരണം. 187 ഹെക്ടർ സ്ഥലമാണ് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. 107 ഹെക്ടർ ആയി പിന്നീട് ഇത് ചുരുക്കി. എന്നാൽ ഭൂമി വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാടാണ് റെയിൽവെ സ്വീകരിച്ചിട്ടുള്ളത്.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിൽ ഭാവിയിൽ റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

