തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ. കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്നാണ് സപ്ലൈകോ സർക്കാരിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, വിലവർദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് സബ്‌സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സപ്ലൈകോക്കുളളത് 1600 കോടിയോളം കുടിശ്ശികയാണ്. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാർ ആരും ടെണ്ടറിൽ പോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധിയാണ് സപ്ലൈകോ നേരിട്ടത്. ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നാണ് സപ്ലൈക്കോയുടെ നിലപാട്.

