സിൽവർ ലൈൻ; റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പുമായി ദക്ഷിണ റെയിൽവെ

തിരുവനന്തപുരം: റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി സിൽവർലൈൻ പദ്ധതിക്കുവേണ്ടി വിട്ടുനൽകുന്നതിൽ എതിർപ്പുമായി ദക്ഷിണ റെയിൽവെ. ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കുന്നു.

187 ഹെക്ടർ സ്ഥലമാണ് കെ റെയിൽ കോർപ്പറേഷൻ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കി. എന്നാൽ ഭൂമി വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് റെയിൽവേയുടെ നിലപാട്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിൽ ഭാവിയിൽ റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന് ദക്ഷിണ റെയിൽവേ ചൂണ്ടിക്കാട്ടുന്നു. കോട്ടയം സ്വദേശി എം ഡി തോമസിന് നൽകിയ മറുപടിയിലാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കുന്നത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകനാണ് ഇദ്ദേഹം.

ലൈനുകളുടെ ഇരട്ടിപ്പിക്കൽ, റെയിൽവേയുടെ സ്റ്റേഷനുകളുടെ വികസനം,സിഗ്നലിങ് സംവിധാനത്തെ ഇരട്ടിപ്പിക്കൽ തുടങ്ങിയ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് ഭൂമി വലിയ തോതിൽ അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ഭൂമിയാണ് റെയിൽവേ ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടുനൽകിയാൽ ഭാവിയിൽ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കും എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ ബോർഡിനും ഇതേ മറുപടി തന്നെയാണ് ദക്ഷിണ റെയിൽവെ നൽകിയിരിക്കുന്നത്.