വിവരങ്ങൾ പൗരന്മാർക്ക് നല്കുന്നതിൽ വിമുഖതയുള്ള ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; വിവരാവകാശ കമ്മിഷണർ

കാസർകോട്: സർക്കാർ ഓഫീസുകളിലെ വിവരങ്ങൾ പൗരന്മാർക്ക് നല്കുന്നതിൽ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽഹക്കിം. സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥർ പൗരന്മാർക്ക് വിവരം നൽകുന്നതിൽ വിമുഖത കാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ കയ്യിലുണ്ടായിട്ടും അത് നൽകാൻ മടിക്കുന്ന പ്രവണത സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ വ്യാപകമായി കാണുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോധപൂർവ്വം വിവരം മറച്ചു വയ്ക്കുക, അതിന് രാജ്യസുരക്ഷ പോലുള്ള വകുപ്പുകൾ ഉദ്ധരിക്കുക തുടങ്ങിയ പ്രവണത കൂടിവരുന്നു. ഇത് വ്യക്തമാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്തോ മറച്ചു വയ്ക്കാനുണ്ടെന്നാണ്. കാസർകോട് ജില്ലയിൽ പരിഗണിച്ച പരാതികളിലും ഇത്തരം നിലപാടുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരങ്ങൾ കയ്യിലുണ്ടായിട്ടും അപേക്ഷകന് നൽകാതിരുന്നാൽ 25000 രൂപയാണ് പിഴ ഈടാക്കുക. വകുപ്പ് തല അച്ചടക്ക നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. വിവരം സമയത്ത് ലഭിക്കാത്തതിനാൽ അപേക്ഷകർക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന് കാര്യ കാരണ സഹിതം ബോധ്യപ്പെട്ടാൽ കമ്മീഷൻ നിശ്ചയിക്കുന്ന നഷ്ടപരിഹാരവും നൽകണം.