ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിൽ അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം ഭൂചലനം അനുഭവപ്പെട്ടത് ഇഷികാവയിലെ നോട്ടോ മേഖലയിലാണ്. തുടർന്ന് വിവിധയിടങ്ങളിൽ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
നിരവധി പേർക്ക് ഭൂചലനത്തിൽ പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനാമി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഏതാണ്ട് 36,500 വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറുകയും ചെയ്തു.
അതേസമയം, ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്കു മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. സർക്കാർ മാധ്യമങ്ങൾ വഴിയാണ് അറിയിപ്പ് നൽകിയത്. ജപ്പാൻ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 300 കിലോമീറ്റർ വരെ സൂനാമിത്തിരകൾ അടിക്കാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.

