തിരുവനന്തപുരം: നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാകും. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാകുകയും ചെയ്യും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സംസ്ഥാന സർക്കാർ പേരു മാറ്റുന്നതിന് അനുമതി നൽകി. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാനത്തിനു കത്തു നൽകിയിരുന്നു. ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കി ഗതാഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായി.

