മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്തു

ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ മൊറെയിലാണ് വീണ്ടും അക്രമം ഉണ്ടായത്. തോക്കുധാരിയായ വ്യക്തി പൊലീസ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്തു. പൊലീസ് സഞ്ചരിക്കുന്ന വാഹനത്തിനു നേരെയായിരുന്നു വെടിവെയ്പ്പ്.

എം ചനൗ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇതിനു തുടർച്ചയായി വീണ്ടും വെടിവയ്പ്പുണ്ടായെന്നാണ് വിവരം. പിന്നീട് രണ്ട് വീടുകൾക്ക് തീയിട്ടു.

അതേസമയം കാങ്‌പോകി ജില്ലയിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ കൗമാരക്കാരൻ വെടിയേറ്റ് മരിച്ചു. ആരാണ് വെടിവച്ചതെന്ന് കണ്ടെത്തിയിട്ടില്ല. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.