തൃശൂർ പൂരം പ്രതിസന്ധിയ്ക്ക് പരിഹാരം; കഴിഞ്ഞ വര്‍ഷത്തെ തുക മതിയെന്ന് ധാരണ

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയ്ക്ക് പരിഹാരം. എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു. ഇതോടെ ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധിയ്ക്ക് അവസാനമായി.

രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് തളളിയാണ് കഴിഞ്ഞ വർഷം നൽകിയ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. തുക സംബന്ധിച്ച തർക്കത്തിൽ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചർച്ച തുടരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദേവസ്വങ്ങൾ നന്ദി അറിയിക്കുകയും ചെയ്തു.

കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.