പൊന്നാനിയിലേക്ക് ആനയിക്കരുത്; കോൺ​ഗ്രസ് നേതാവിൻ്റെ അനുസ്മരണത്തിൽ ഗവർണറെ ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിക്കുന്നതിനെതിരെ രംഗത്തെത്തി യൂത്ത് കോൺഗ്രസ്. കോൺഗ്രസ് മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചത്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുതെന്നും ഹാരിസ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കോൺഗ്രസിതര ഗവൺമെന്റുകൾ ഭരിക്കുകയും അവർ നിയമിക്കുകയും ചെയ്ത ഗവർണർമാരുണ്ടായിരുന്നു, പക്ഷേ ഇത്രയും തരംതാഴ്ന്ന ഗവർണർ കേരളത്തിൽ പദവിയിലിരുന്നിട്ടില്ല. അറ്റൻഷൻ സീക്കിംഗും സംഘ് പരിവാർ അജണ്ടയും ഒന്നിച്ചു കൂട്ടി മുറുക്കി അദ്ദേഹം കേരളീയ ജനാധിപത്യ പരിസരത്തിൽ കാറിത്തുപ്പി മലീമസമാക്കുന്ന കാഴ്ച ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി പത്തിനാണ് പരിപാടി നടക്കുന്നത്. യൂഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൾപ്പെടെയുള്ളവരാണ് പരിപാടിയുടെ സംഘാടകർ.