തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ നടപടികൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. വ്യവസായ പാർക്കുകളിലെ ഭൂമിയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 8 മാസത്തിനുള്ളിൽ 16 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ ആരംഭിച്ചു. പുതിയ വ്യവസായ നയം കേരളത്തിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ഒന്നിൽ നിന്ന് തുടങ്ങി രണ്ട് ലക്ഷം സംരംഭങ്ങളും കടന്ന് മുന്നേറുകയാണ് വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതിയായ സംരംഭകവർഷം. പദ്ധതി ആരംഭിക്കുമ്പോൾ ഈ കേരളത്തിൽ ഇതൊക്കെ നടക്കുമോ എന്ന് സംശയിച്ചവർക്കൊക്കെ മറുപടി നൽകിക്കൊണ്ട് ഒന്നര വർഷം കൊണ്ട് 2,01,154 സംരംഭങ്ങൾ ഈ നാട്ടിൽ ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ 12,500 കോടി രൂപയുടെ നിക്ഷേപവും 4,29,337 തൊഴിലും നമ്മുടെ നാട്ടിൽ ഉണ്ടായി. ദേശീയതലത്തിൽ തന്നെ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ തിളക്കത്തിന് മാറ്റ് കൂടുകയാണ് 2 ലക്ഷം സംരംഭങ്ങളെന്ന ചരിത്രനേട്ടത്തിലൂടെ. കേരളത്തിന്റെ ആഭ്യന്തര ഉൽപാദനവും വരുമാനവും വർധിപ്പിക്കുന്നതിനും സംരംഭക വർഷം പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് ‘കെ-സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന.
റേഷൻ കടകളിൽ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ വേണ്ടിയാണ് കെ സ്റ്റോർ പദ്ധതി ആരംഭിക്കുന്നത്. 10000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബിൽ, വാട്ടർ ബിൽ, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷൻ, ശബരി, മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. കൂടാതെ ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും കെ സ്റ്റോറിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

