ബാബറി മസ്ജിദ് തകർത്താണ് രാമക്ഷേത്രമുണ്ടാക്കിയത്; കോൺഗ്രസ് ഉദ്ഘാടനത്തിൽ പങ്കെടുക്കരുതെന്ന് വി എം സുധീരൻ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് വി എം സുധീരൻ. ബാബറി മസ്ജിദ് തകർത്താണ് രാമക്ഷേത്രമുണ്ടാക്കിയതെന്നും അതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസിനെ ആര് ക്ഷണിച്ചാലും നിരാകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബിജെപിക്ക് കൃത്യമായ അജണ്ടയുണ്ട്. അവർ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ ഉയർത്തി പിടിക്കുന്ന തീവ്ര ഹിന്ദുത്വ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിവിധി ജവഹർലാൽ നെഹ്റുവും ഇന്ദിരഗാന്ധിയും ഉയർത്തിപിടിച്ച മതേതര മൂല്യങ്ങൾ മാത്രമാണെന്ന് വി എം സുധീരൻ ചൂണ്ടിക്കാട്ടി.

രാമക്ഷേത്ര നിർമാണത്തെയും ഉദ്ഘാടനത്തെയും ബിജെപി തീവ്ര ഹിന്ദുത്വ വർഗീയ നിലപാടുകൾ ആളികത്തിക്കാനുള്ള ഉപാധിയായി മാറ്റുമ്പോൾ കോൺഗ്രസ് മാത്രമല്ല ജനാധിപത്യ മതേതര മൂല്യങ്ങളിൽ വിശ്വിക്കുന്ന ഒരു രാഷ്ട്രീയ കക്ഷികളും ഒരുകാരണവശാലും പങ്കെടുക്കരുത്. പാർലമെന്റിൽ അഭിപ്രായം പറഞ്ഞാൽ, അദാനിയെ എതിർത്താൽ, എതിർക്കുന്നവരുടെ അംഗത്വം റദ്ദാക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

100 ൽ പരം പ്രതിപക്ഷ എംപിമാരെമാരെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയാണ് സുപ്രധാന നിയമങ്ങൾ പാസാക്കുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്ത് ഇന്ത്യയിൽ ഏകാധിപത്യ വാഴ്ച നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ രണ്ടാം സ്വാതന്ത്ര്യസമരം രാജ്യത്തിന് അനിവാര്യമായിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് അതിന് നേതൃത്വം കൊടുക്കാൻ പര്യാപ്തമായ ഏക രാഷ്ട്രീയ പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.