കുസാറ്റ് അപകടം; ഉപസമിതി അന്വേഷണ റിപ്പോർട്ട് തള്ളി കുസാറ്റ് എംപ്ലോയീസ് യൂണിയൻ

കൊച്ചി: കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോർട്ട് കുസാറ്റ് എംപ്ലോയീസ് യൂണിയൻ തള്ളി. റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്നും ചിലരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാനാണ് ശ്രമം നടന്നതെന്നും ആരോപണം ഉയർന്നിരുന്നു.

മൂന്ന് വിദ്യാർത്ഥികളുൾപ്പടെ നാല് പേരാണ് കുസാറ്റ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയില്ല. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉപസമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നും എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.

റിപ്പോർട്ടിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് യൂണിയന്റെ തീരുമാനം. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ എംപ്ലോയീസ് യൂണിയൻ കക്ഷി ചേരും. ഉപസമിതി റിപ്പോർട്ടിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്നും ഉപസമിതി റിപോർട്ട് പ്രകാരം സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ കുറ്റക്കാർക്കെതിരെ വേണമായിരുന്നു എന്നും എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.