നടൻ വിജയ്കാന്ത് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. രോഗബാധിതനായി കുറച്ചു കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു വിജയ്കാന്ത്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലാണ് വിജയ്കാന്ത് ജനിച്ചത്. വിജയരാജ് അളകർസ്വാമി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇനിക്കും ഇളമൈ ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.

വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.