ന്യൂഡൽഹി: മുസ്ലിം ലീഗ് ജമ്മുകശ്മീർ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ നിയമപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അഞ്ചുവർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി നേതൃത്വം നൽകിയ ഓൾ ഇന്ത്യ ഹുറിയത്തിൽ പ്രവർത്തിച്ചിരുന്ന മസ്രറത്ത് ആലമാണ് ഈ തീവ്രവാദി സംഘടനയ്ക്ക് നേതൃത്വം നൽകിയത്. ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദികളെ പിന്തുണയ്ക്കുകയും ജമ്മുവിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നുമാണ് അമിത് ഷാ അറിയിച്ചിട്ടുള്ളത്.
ഈ സംഘടനയും ഇതിലെ അംഗങ്ങളും ജമ്മുകശ്മീരിലെ തീവ്രവാദ പ്രവർത്തനത്തെ പിന്തുണക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നവരും ജമ്മു കശ്മീരിൽ ഇസ്ലാമിക് ഭരണം കൊണ്ടുവരാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. സാമൂഹ്യ മാദ്ധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിക്കുന്നവർക്ക് മാപ്പ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

