പ്രധാനമന്ത്രിയ്ക്ക് മുമ്പാകെ മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പാകെ മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം. അടുത്ത ആഴ്ച പ്രധാനമന്ത്രി തൃശൂരിൽ എത്തുമ്പോഴാണ് അദ്ദേഹത്തിന് മുൻപാകെ പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി തൃശൂരിൽ എത്തുക.

റോഡ് ഷോയ്ക്കിടെ മിനി പൂരം സംഘടിപ്പിക്കാനാണ് അനുമതി തേടിയിരിക്കുന്നത്. പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് രൂപംകൊണ്ട പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

ജനുവരി 3 ന് തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 3 മണിയ്ക്ക് മഹാസമ്മേളനം നടക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലാണ് സമ്മേളനം. തൃശ്ശൂരിലും സമീപ ജില്ലകളിലും നിന്നായി രണ്ടു ലക്ഷത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.