മുംബൈ: ഇന്ത്യാ മുന്നണിക്കുള്ളിൽ ഭിന്നത. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ പേരിലാണ് ഭിന്നത ഉണ്ടായിരിക്കുന്നത്. രാമക്ഷേത്രത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണ നേടാൻ പ്രത്യേകിച്ചൊരു പദ്ധതിയുമില്ലാത്ത ബിജെപി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയോദ്ധ്യ രാമക്ഷേത്രത്തിനായി നിരവധി പേർ പ്രയത്‌നിച്ചിട്ടുണ്ട്. ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണമില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം അറിയിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. ബിജെപിക്ക് മുൻപ് രാമക്ഷേത്രത്തിനായി പ്രവർത്തിച്ചവരാണ് ശിവസേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിയും ചടങ്ങിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസും സിപിഎമ്മും. ഇതോടെ ഇന്ത്യ മുന്നണിക്കുള്ളിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്.

