ന്യൂഡൽഹി: എംഫിൽ കോഴ്സിലേക്ക് അഡ്മിഷന് വിളിക്കുന്ന സർവ്വകലാശാല വാർത്തകളിൽ വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ് നൽകി യുജിസി. നേരത്തെ തന്നെ യുജിസി എംഫിൽ കോഴ്സ് റദ്ദാക്കിയതാണ്. എന്നാൽ ഇത് മാനിക്കാതെ പല സർവകലാശാലകളും എംഫിൽ കോഴ്സിലേക്ക് അഡ്മിഷൻ ക്ഷണിക്കുന്ന സാഹചര്യത്തിലാണ് യുജിസി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.
സർവകലാശാലകൾ നൽകുന്ന എംഫിൽ ബിരുദ കോഴ്‌സിന് ഇനി നിയമസാധുതയില്ലെന്ന പ്രഖ്യാപനം യുജിസി നേരത്തെ നടത്തിയിരുന്നു. എംഫിൽ പ്രോഗ്രാമുകൾ നൽകരുതെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, മിക്ക സർവകലാശാലകളും അഡ്മിഷന് ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ ഇട്ടു. തുടർന്നാണ് 2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സർവകലാശാലകൾ അധികൃതർ സ്വീകരിക്കണമെന്ന ഉത്തരവ് യുജിസി പുറത്തിറക്കിയത്.
2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എംഫിൽ പ്രോഗ്രാം വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് പറയുന്നുണ്ട്. അതിനാൽ അഡ്മിഷൻ നിർത്താൻ അടിയന്തിര നടപടി സർവകലാശാലകൾ കൈക്കൊള്ളണമെന്ന് നിർദ്ദേശിക്കുന്നതായി യുജിസി അറിയിച്ചു.

