ചരക്കുകപ്പലുകൾക്കു നേരെയുള്ള ആക്രമണം; ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി

മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചരക്കുകപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വളരെ ഗൗരവത്തോടെയാണ് ഈ ആക്രമണത്തെ കേന്ദ്ര സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. എത്ര അകലെപ്പോയി ഒളിച്ചാലും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

എം.വി. ചെം പ്ലൂട്ടോക്കെതിരെയുണ്ടായ ഡ്രോൺ ആക്രമണവും ചെങ്കടലിൽ എംവി സായിബാബക്കെതിരായ ആക്രമണവും ഗൗരവത്തോടെയാണ് കാണുന്നത്. എവിടെപ്പോയി ഒളിച്ചാലും ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം നടപ്പാക്കിയവരെ കണ്ടെത്തി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാവികസേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പൽ ഐഎൻഎസ് ഇംഫാൽ കമ്മിഷൻ ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ശനിയാഴ്ചയാണ് പോർബന്ധറിൽ നിന്നും 217 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നും എം.വി. ചെം പ്ലൂട്ടോക്കെതിരെ ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്. തുടർന്ന് ഇന്ത്യൻ നാവികസേന അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു.