മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പോലീസിനെ കയ്യേറ്റം ചെയ്യാനും ശ്രമം

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് വാഹന പാർക്കിംഗിനെ ചൊല്ലി രണ്ടു വിഭാഗം യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. പോലീസ് സംഘം ഉടൻ സംഭവ സ്ഥലത്തെത്തി. പോലീസ് ഉദ്യോഗസ്ഥരെയും യുവാക്കൾ കയ്യേറ്റം ചെയ്തു.

സംഘർഷത്തിൽ പങ്കുള്ള നാലുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഘർഷത്തിൽ എ എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു.

പിന്നീട് ഡിവൈ.എസ്.പി അടക്കമുള്ളവരെത്തിയാണ് പ്രശ്നമുണ്ടാക്കിയ യുവാക്കളെ പിടികൂടിയത്. നൈറ്റ് ലൈഫ് ആരംഭിച്ചശേഷം മാനവീയം വീഥിയിൽ സംഘർഷം ഉണ്ടാകുന്നത് പതിവാണ്.