കോഴിക്കോട്: മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചുവെന്ന ആരോപണവുമായി മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരെയാണ് ഐഎൻഎല്ലിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് ആരാണ് പരാതി എഴുതികൊടുത്തത് എന്ന് അറിയില്ല. അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചു. അവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവർ ഒഴികെയുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. എന്നാൽ പാർട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ഐഎൻഎൽ. ഏതൊരു പാർട്ടിക്കും അച്ചടക്കമുണ്ടെങ്കിലേ മുന്നോട്ടേക്ക് പോകാൻ കഴിയൂ. പാർട്ടിക്കകത്ത് അച്ചടക്കവിരുദ്ധമായി പ്രവർത്തിച്ച ആളുകളെ അന്വേഷണം നടത്തിയാണ് പുറത്താക്കിയിട്ടുള്ളത്. പാർട്ടി ഒരു പിളർപ്പിനേയും നേരിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിക്ക് ആദ്യമായി അധികാരം ലഭിച്ച ഘട്ടത്തിൽ പാർട്ടിയിലെ ചില അധികാരമോഹികൾക്ക് നിരാശയുണ്ടായി എന്നത് യാഥാർത്ഥ്യമാണ്. അവരത് പ്രകടിപ്പിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് എന്നെ പുറത്താക്കാൻ കഴിയുമോയെന്നാണ് ശ്രമിച്ചതെന്നും അഹമ്മദ് ദേവർകോവിൽ കൂട്ടിച്ചേർത്തു.

