വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത്; ഇപി ജയരാജൻ

തിരുവനന്തപുരം: വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പൊലീസ് നന്നായി അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ ചെയ്തിട്ടുള്ള കാര്യങ്ങളെകുറിച്ച് നൂറ് ശതമാനമല്ല, നൂറ്റൊന്ന് ശതമാനം വ്യക്തതയുണ്ടെങ്കിൽ മാത്രമേ പൊലീസ് നടപടി എടുക്കൂ. നിങ്ങൾക്കത് വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തങ്ങൾക്ക് നിങ്ങളുടെ മുന്നിൽ സത്യം മറച്ചുവെക്കേണ്ട ഒരു കാര്യവുമില്ല. ഫോൺ ചെയ്തത് മാത്രമാണെന്ന് നിങ്ങൾ ധരിക്കേണ്ട. പൊലീസിന്റെ കൈവശം എല്ലാ വ്യക്തമായ തെളിവുകളും ഉണ്ടാകും. അത്രയേ തനിക്ക് പറയാൻ പറ്റൂ. നവകേരള സദസ് ചരിത്ര വിജയമാണ്. കേരളത്തിന്റെ പ്രതീക്ഷ ഭാവിയെ കുറിച്ച് അവബോധം ഉണ്ടാക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാത യോഗങ്ങൾ വലിയ സംഭവമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ കിട്ടുന്നുവെന്നും ഇപി ജയരാജൻ അറിയിച്ചു.

മന്ത്രിസഭാ പുനഃസംഘടന രണ്ടര വർഷം കഴിഞ്ഞുള്ള മാറ്റം മുൻപ് തീരുമാനിച്ചതാണ്. നവകേരള സദസ് വന്നതുകൊണ്ട് കുറച്ച് വൈകി. 29 ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുന്നണിയോഗത്തിലാണ് തീരുമാനം എടുത്തത്. മന്ത്രിമാർ എല്ലാം നല്ല സേവനം നടത്തുന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.