യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവുമില്ല; പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്ന് നെതന്യാഹു

ടെൽ അവീവ്: യുദ്ധം തുടരുന്നതിൽ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ തുടരുന്ന യുദ്ധത്തിൽ യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മർദ്ദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയിലെ യുദ്ധത്തിൽ നിന്ന് യുഎസ് തങ്ങളെ തടഞ്ഞതായും തടയുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സത്യമല്ല. ഇസ്രയേൽ ഒരു പരമാധികാര രാജ്യമാണ്. തങ്ങളുടേതായ പരിഗണനകൾ അനുസരിച്ചാണ് തങ്ങൾ യുദ്ധത്തിൽ തീരുമാനം എടുക്കുന്നത്. അല്ലാതെ ബാഹ്യസമ്മർദ്ദങ്ങൾക്കനുസരിച്ചല്ലെന്ന് അദ്ദേഹം അറിയിച്ചു.

ഗാസയിലെ യുഎൻ പ്രമേയത്തിൽ ഇസ്രയേലിനെ പിന്തുണച്ചതിൽ യുഎസിനും പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹു നന്ദി അറിയിച്ചു. താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് സംസാരിച്ചു. വിജയത്തിലെത്തുന്നതുവരെ ഇസ്രയേൽ യുദ്ധം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.