കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. ശരാശരി ആയിരത്തിലേറെപ്പേരാണ് ദിവസേന പനി ബാധിതരായി ചികിത്സ തേടുന്നതെന്നാണ് പുറത്തു വരുന്ന വിവരം. 25,155 പേരാണ് ഈ മാസം ചികിത്സ തേടിയത്. നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇതിൽ 202 പേർക്ക് കിടത്തി ചികിത്സ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 26 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് പോസിറ്റീവായി ചികിത്സ തേടിയത്. രണ്ട് കോവിഡ് മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1174, 1247, 1052 എന്നിങ്ങനെയാണ് പനിയെത്തുടർന്ന് ചികിത്സ തേടിയവരുടെ കണക്ക്.
അതേസമയം, ജില്ലയിൽ 16 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനിയ്ക്ക് പുറമേ വയറിളക്കം, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം എന്നിവയ്ക്ക് ചികിത്സയ്ക്കായി എത്തുന്നവരും നിരവധിയാണ്. കുട്ടികളിൽ മുണ്ടിനീരും വ്യാപകമാവുന്നുണ്ട്. 1572 കുട്ടികളിലാണ് സംസ്ഥാനത്ത് ഇതുവരെ മുണ്ടിനീര് കണ്ടെത്തിയത്.

