നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി: ജനപങ്കാളിത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നാടിന്റെ ഭാവിക്കു വേണ്ടിയുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് മഞ്ചേശ്വരം മുതൽ നേമം വരെ എത്തുമ്പോൾ അനുഭവപ്പെട്ടത് വലിയതോതിലുള്ള ജനസാന്നിദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർക്കും മറച്ചുവയ്ക്കാൻ ആകാത്തവിധം ജനസാഗരമാണ് ഓരോ മണ്ഡലത്തിലും ഒഴുകിയെത്തുന്നത്. നാടിന്റെ പ്രശ്‌നം അതീവ ഗൗരവമായി ജനങ്ങൾ കാണുന്നതുകൊണ്ടാണ് ഇത്രയധികം ആളുകളെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കൂട്ടർക്കും എതിരായി സംഘടിപ്പിക്കുന്ന പരിപാടിയല്ല ഇത്. പ്രശ്‌നങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും നാടിന്റെ മുന്നോട്ടുപോക്കിന് തടയിടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ ജന സമക്ഷത്ത് അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. നമ്മുടെ നാടിനെ മുന്നോട്ടുകൊണ്ടുപോകുന്ന പരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളാണ് തുറന്നു കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ കയ്യിൽ വരേണ്ട തുകയിൽ അതിഭീമമായ സംഖ്യയാണ് കുറവ് വന്നിട്ടുള്ളത്. 1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ആ നിലപാട് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനം ആ കണക്കുകൾ ജനസമക്ഷത്ത് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ്. സുപ്രീംകോടതിയിലും ഇതാണ് വസ്തുത എന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം അന്യായമായി, ഭരണഘടനാവിരുദ്ധമായി കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ തങ്ങൾ കൂടെയുണ്ടെന്നുള്ള ഉറപ്പാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ട് നേരിട്ടു. ജനങ്ങൾക്ക് നന്ദി പറയുകയാണ്. അതിശയകരമായ സമീപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഞങ്ങൾ സംയമനം പാലിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അടിക്കും അടിക്കും എന്ന് ആവർത്തിച്ചു പറഞ്ഞു. ജനങ്ങൾ ഇതൊന്നും വകവെക്കുന്നില്ല. ഇത് കേന്ദ്ര സർക്കാരിനുള്ള ഒരു സന്ദേശം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.