മന്ത്രിസ്ഥാനം രാജിവച്ച് ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും

തിരുവനന്തപുരം: ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഇരുവരും രാജിവെച്ചത്. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു അഹമ്മദ് ദേവർകോവിൽ. ആന്റണി രാജു ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്ക് എത്തുന്നത്.

ഡിസംബർ 29 നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. ഉയർന്ന് വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.