സിപിഐയിൽ വിമതനീക്കം ശക്തമാകുന്നു; ബിനോയ് വിശ്വത്തിന് പകരക്കാരനെ നിർദ്ദേശിക്കാൻ നീക്കം

തിരുവനന്തപുരം: സിപിഐയിൽ വിമതനീക്കം ശക്തമാകുന്നു. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നൽകിയതിനു പിന്നാലെയാണ് വിമത നീക്കം നടക്കുന്നത്. ബിനോയിയുടെ സെക്രട്ടറിസ്ഥാനം സംസ്ഥാന കൗൺസിൽ അംഗീകരിക്കണം. ഇതിനായി 28-ന് കൗൺസിൽ യോഗം ചേരും. യോഗത്തിൽ ബിനോയിക്കു പകരം മറ്റൊരാളെ നിർദേശിക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നുവെന്നാണ് പുറത്തു വരുന്ന നീക്കം.

മുതിർന്ന നേതാവാണെങ്കിലും കാനത്തിന് ലഭിച്ചിരുന്നത്ര പിന്തുണ ബിനോയ് വിശ്വത്തിന് ലഭിക്കുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. വിഷയം ഗ്രൂപ്പുപോരായി മാറാതിരിക്കാൻ കാനത്തിനൊപ്പമുണ്ടായിരുന്നതും ബിനോയിയെ സെക്രട്ടറിയാക്കിയതിനോട് യോജിപ്പില്ലാത്തതുമായ ഒരാളുടെ പേര് നിർദേശിക്കാനാണ് ഈ വിഭാഗത്തിന്റെ ശ്രമം.

അതേസമയം, കഴിഞ്ഞ സംസ്ഥാന സമ്മേളനകാലത്ത് വിഭാഗീയത ശക്തമായിരുന്നു. എന്നാൽ, കാനത്തിന്റെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള ശക്തി ആ വിഭാഗീയനീക്കത്തിന് ഉണ്ടായിരുന്നില്ല.