വന്യജീവിയുടെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കൽപ്പറ്റ: വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിലാണ് സംഭവം. ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം നടന്നത്. ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ചിത്രയുടെയും ദുർഗയുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പരിക്കേറ്റവരെല്ലാം തോട്ടം തൊഴിലാളികളാണ്. പരിക്കേറ്റവർ പറയുന്നത് തങ്ങളെ ആക്രമിച്ചത് പുലിയാണെന്നാണ്. ഗൂഡല്ലൂരിലെ ആശുപത്രിയിലാണ് വള്ളിയമ്മ ചികിത്സയിൽ കഴിയുന്നത്. ആക്രമണം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പ്രദേശത്ത് നിരീക്ഷണം ഉൾപ്പെടെ ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. അതേസമയം, പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.