പ്രതിപക്ഷ നേതാവ് കണ്ണാടി നോക്കിയാൽ ലജ്ജിച്ച് തലകുനിക്കും; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആ കസേരയിൽ ഇരിക്കാൻ നാണമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്നവരെ ഉപയോഗിച്ച് ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ ബിജെപിയുടെ ബി ടീമായി എല്ലാ സൗകര്യവും ചെയ്തുകൊടുക്കാൻ പ്രതിപക്ഷ നേതാവിന് നാണമുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.

നാണത്തിന് കൈയും കാലും ജീവനുമുണ്ടെങ്കിൽ താൻ പിറകിലാണ് ഇദ്ദേഹം മുന്നിൽ നടക്കട്ടെ എന്ന് പറയും. 2016ലെ ഇടതുമുന്നണി സർക്കാരിനെ നയിച്ച്, 2021ൽ കൂടുതൽ സീറ്റുനേടി ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ ആ കസേരയിലിരിക്കാനാകുമെന്നതിൽ സംശയം വേണ്ട. നിപ്പയാകട്ടെ, ഓഖിയാകട്ടെ, കൊവിഡാകട്ടെ, പ്രളയമാകട്ടെ പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ധീരതയുടെ പര്യായമായി കേരളത്തെ നയിച്ച മുഖ്യമന്ത്രിക്ക് നാണത്തോടെയല്ല അഭിമാനത്തോടെ ഈ കസേരയിലിരിക്കാനാകുമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചറിയണമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ മതവർഗീയകലാപങ്ങളും കാവിവൽക്കരണം വിദ്യാഭ്യാസ സിലബസുകളിൽ കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ തുടക്കത്തിലേ യുവതലമുറയ്ക്കു പരിചയപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകൾക്കെതിരെ കരുത്തോടെ മതനിരരപേക്ഷ നിലപാടെടുക്കുന്ന മുഖ്യമന്ത്രി നാണത്തോടെയല്ല അഭിമാനത്തോടെയാണ് ആ കസേരയിലിരിക്കുന്നതെന്നതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.